സ്ത്രീ സുരക്ഷയ്ക്കായി മിത്ര 181 വനിതാ ഹെൽപ്‌ ലൈൻ തിങ്കളാഴ്ച മുതല്‍

call-181-1200x545_c

തിരുവനന്തപുരം: കേരളത്തിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന പുതിയ ടോൾ ഫ്രീ നമ്പരായ മിത്ര 181 വനിതാ ഹെൽപ്ലൈൻ നാളെ മുതൽ നിലവിൽവരും. ഇതിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന്‌ തിരുവനന്തപുരം കോ- ബാങ്ക്‌ ടവറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യഥാസമയം സഹായം എത്തിക്കുന്നതിലൂടെ അപകടങ്ങളുടെയും അതിക്രമങ്ങളുടെയും രൂക്ഷത കുറയ്ക്കുന്നതിനും വിവിധ സർക്കാർ, സർക്കാരിതര ഏജൻസികളുടെ സഹായം ഏകോപിപ്പിക്കുന്നതിനും ഹെൽപ്‌ ലൈനിലൂടെ സാധ്യമാവും. പെൺകുട്ടികളും സ്ത്രീകളും പൂർണമായി സുരക്ഷിതരാവുന്ന സാഹചര്യമാണ്‌ ഇതുവഴി ഉണ്ടാവുകയെന്നും സ്ത്രീ ശാക്തീകരണ രംഗത്ത്‌ നടത്തിക്കൊണ്ടിരിക്കുന്ന ആത്മാർത്ഥവും സജീവവുമായ നിരവധി പ്രവർത്തനങ്ങളുടെ സ്വാഭാവിക തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു. രാജ്യമെമ്പാടും ഒരേ നമ്പരിൽ സ്ത്രീ സുരക്ഷാ സഹായങ്ങൾ ഏകീകരിക്കുന്ന ടോൾ ഫ്രീ നമ്പർ പദ്ധതിയുടെ ഭാഗമാകുന്ന അഞ്ചാമത്‌ സംസ്ഥാനമാണ്‌ കേരളം. സംസ്ഥാന വനിതാ വികസന കോർപറേഷനാണ്‌ ‘മിത്ര 181’ന്റെ ഏകോപനം നിർവഹിക്കുന്നത്‌. സംസ്ഥാനത്ത്‌ എവിടെനിന്നും ലാന്റ്‌ ഫോണിൽനിന്നും മൊബെയിൽ ഫോണിൽനിന്നും 181 എന്ന നമ്പറിലേക്ക്‌ സൗജന്യമായി വിളിച്ച്‌ സഹായം ആവശ്യപ്പെടാം.

അടിയന്തരഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഈ നമ്പരിലൂടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കും.വാർത്താസമ്മേളനത്തിൽ വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ എസ്‌ സലീഖ, എം ഡി ബിന്ദു, സാമൂഹികനീതി വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ ടി വി അനുപമ എന്നിവരും പങ്കെടുത്തു.

Leave a comment