സ്ത്രീ സുരക്ഷയ്ക്കായി മിത്ര 181 വനിതാ ഹെൽപ്‌ ലൈൻ തിങ്കളാഴ്ച മുതല്‍

call-181-1200x545_c

തിരുവനന്തപുരം: കേരളത്തിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന പുതിയ ടോൾ ഫ്രീ നമ്പരായ മിത്ര 181 വനിതാ ഹെൽപ്ലൈൻ നാളെ മുതൽ നിലവിൽവരും. ഇതിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന്‌ തിരുവനന്തപുരം കോ- ബാങ്ക്‌ ടവറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യഥാസമയം സഹായം എത്തിക്കുന്നതിലൂടെ അപകടങ്ങളുടെയും അതിക്രമങ്ങളുടെയും രൂക്ഷത കുറയ്ക്കുന്നതിനും വിവിധ സർക്കാർ, സർക്കാരിതര ഏജൻസികളുടെ സഹായം ഏകോപിപ്പിക്കുന്നതിനും ഹെൽപ്‌ ലൈനിലൂടെ സാധ്യമാവും. പെൺകുട്ടികളും സ്ത്രീകളും പൂർണമായി സുരക്ഷിതരാവുന്ന സാഹചര്യമാണ്‌ ഇതുവഴി ഉണ്ടാവുകയെന്നും സ്ത്രീ ശാക്തീകരണ രംഗത്ത്‌ നടത്തിക്കൊണ്ടിരിക്കുന്ന ആത്മാർത്ഥവും സജീവവുമായ നിരവധി പ്രവർത്തനങ്ങളുടെ സ്വാഭാവിക തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു. രാജ്യമെമ്പാടും ഒരേ നമ്പരിൽ സ്ത്രീ സുരക്ഷാ സഹായങ്ങൾ ഏകീകരിക്കുന്ന ടോൾ ഫ്രീ നമ്പർ പദ്ധതിയുടെ ഭാഗമാകുന്ന അഞ്ചാമത്‌ സംസ്ഥാനമാണ്‌ കേരളം. സംസ്ഥാന വനിതാ വികസന കോർപറേഷനാണ്‌ ‘മിത്ര 181’ന്റെ ഏകോപനം നിർവഹിക്കുന്നത്‌. സംസ്ഥാനത്ത്‌ എവിടെനിന്നും ലാന്റ്‌ ഫോണിൽനിന്നും മൊബെയിൽ ഫോണിൽനിന്നും 181 എന്ന നമ്പറിലേക്ക്‌ സൗജന്യമായി വിളിച്ച്‌ സഹായം ആവശ്യപ്പെടാം.

അടിയന്തരഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഈ നമ്പരിലൂടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കും.വാർത്താസമ്മേളനത്തിൽ വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ എസ്‌ സലീഖ, എം ഡി ബിന്ദു, സാമൂഹികനീതി വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ ടി വി അനുപമ എന്നിവരും പങ്കെടുത്തു.

സ്ത്രീകള്‍ക്കായി ആദ്യ മലയാളം വെബ്‌സൈറ്റ് ആരംഭിച്ചു

wom

തിരുവനതപുരം: സ്ത്രീകള്‍ക്കായി മലയാളത്തിലെ ആദ്യ വെബ്‌‌സൈറ്റ് പിറന്നു. ‘സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ഒരു ഡിജിറ്റല്‍ ഇടം’ എന്ന നിലയിലുള്ള സൈറ്റിന്റെ ഉദ്ഘാടനം സുഗതകുമാരിയും ഫേസ്‌ബുക് പേജിന്റെ ഉദ്‌ഘാടനം ചന്ദ്രമതിയും നിര്‍വഹിച്ചു.womenpoint.in ആണ് വെബ്‌‌സൈറ്റ് വിലാസം.

ആക്രമണ ഭീതി ഇല്ലാതെ, ആരും പിന്തുടര്‍ന്ന് ശല്യപ്പെടുത്താത്ത എന്ത് അഭിപ്രായവും വെട്ടി തുറന്നു പറയാന്‍ കഴിയുന്ന പൊതുഇടമായിട്ടാണ് വിമന്‍പോയിന്റ് ആരംഭിച്ചിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.  കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ച എന്ത് വിവരവും ‘വിവരശേഖരം’ എന്ന ഭാഗത്തു നിന്നും ലഭ്യമാക്കുക എന്നതും  ഉദ്ദേശ്യങ്ങളില്‍ പെടുന്നു. സൈറ്റിലെ ‘വട്ടമേശ ‘ സംവാദത്തിനുള്ള വേദി ആണ്. പ്രസക്തമായ വിഷയങ്ങള്‍ ഇവിടെ സജീവ ചര്‍ച്ചക്ക് വിധേയമാകുന്നു. പാനലിസ്റ്റുകള്‍ക്കു പുറമെ പുറത്തു നിന്നുള്ളവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താം. ഇത്തരത്തില്‍ വാര്‍ത്തയും വിവരങ്ങളും കാഴ്ചപ്പാടും ലേഖനങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ ഒരു സ്ത്രീവെബ്‌സൈറ്റ് കേരളത്തില്‍ ആദ്യമാണ്. സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ആദ്യ  വെബ്‌സൈറ്റ് എന്ന പ്രത്യേകതയും വിമന്‍പോയിന്റിനു അവകാശപ്പെടാം.

വൈവിധ്യമാര്‍ന്ന സ്ത്രീ ജീവിതം ശരിയായ രീതിയില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരം ഒരു സംരംഭം എന്ന ആശയം പിറവി എടുത്തത്. പീഡന കഥകളില്‍ മാത്രം സ്ത്രീ കടന്നു വരുമ്പോള്‍ നേട്ടങ്ങളും ആഹ്ലാദങ്ങളും സ്ത്രീക്ക് ഇല്ല എന്ന പ്രതീതി ആണ് ഉണ്ടാവുക. ഇതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീയുടെ ക്രിയാത്മക സാന്നിധ്യം വിമന്‍ പോയിന്റില്‍ ഉണ്ടാകുമെന്നു ഇതിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു.
ഉദ്ഘാടനപരിപാടിയുടെ ഭാഗമായി നടന്ന ‘മാധ്യമങ്ങളിലെ സ്ത്രീയിടം’ എന്ന സെമിനാറില്‍ ഡോ മീന ടി പിള്ള വിഷയം അവതരിപ്പിച്ചു . ഏലിയാമ്മ വിജയന്‍, എം എസ് ശ്രീകല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

‘സംവാദം, സൗഹൃദം, സമന്വയം’ എന്നതാണ് വിമന്‍പോയിന്റിന്റെ മുദ്രാ വാചകം. ആര്‍ പാര്‍വതി ദേവി (ചീഫ് എഡിറ്റര്‍ ), സുജ സൂസന്‍ ജോര്‍ജ് (മാനേജിങ് എഡിറ്റര്‍ ), സുനിത ബാലകൃഷ്ണന്‍ (വര്‍ക്കിങ് എഡിറ്റര്‍ ) എന്നിവരാണ് വിമന്‍പോയിന്റ് ആരംഭിച്ചത്.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന: 30ന് 24 മണിക്കൂര്‍ വാഹന പണിമുടക്ക്

Bus-strike-on-Thrissur-Palakkad-route

തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് 30ന് 24 മണിക്കൂര്‍ വാഹനപണിമുടക്ക്.

സമരത്തില്‍ ബിഎംഎസ് പങ്കെടുക്കില്ല. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ വര്‍ധനവ് നടപ്പാക്കുവാനാണ് നിര്‍ദ്ദേശം. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശം. ഇതോടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്കും പ്രീമിയം ചെലവില്‍ കാര്യമായ വര്‍ധനയുണ്ടാകും.

എം എം ഹസന് കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല

dc-Cover-7v5ju61cabnlck24o8faaeld57-20160419062132.Medi

തിരുവനന്തപുരം: വി എം സുധീരന്‍ രാജിവച്ച് രണ്ടാഴ്ചയ്ക്കുശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍ക്കാലിക നിയമനം. എം എം ഹസന്  താല്‍ക്കാലിക ചുമതല നല്‍കാനാണ് തീരുമാനം. ഹൈക്കമാന്‍ഡ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് തീരുമാനം അറിയിച്ചത്. എന്നാല്‍, സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഇനിയും തീരുമാനമായിട്ടില്ല.

പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന് വൈസ് പ്രസിഡന്റായ ഹസന്‍ പരസ്യ നിലപാടെടുത്തിരുന്നു. വി ഡി സതീശന്‍, ലാലി വിന്‍സന്റ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു.

യുഎസില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതോടെയാണ് തീരുമാനം ഉണ്ടായത്.

ഗര്‍ഭിണിയായ ദളിത്‌ യുവതിക്ക് മര്‍ദനം: പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

paingottoor map

പോത്താനിക്കാട്: പൈങ്ങോട്ടൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ദളിത്‌ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ ദളിത്‌ കോണ്‍ഗ്രസും കോണ്ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പൈങ്ങോട്ടൂര്‍ ടൌണില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ദളിത്‌ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍,ഷെജി ജേക്കബ്‌,ഉല്ലാസ് തോമസ്‌,പി.പി എല്‍ദോസ്,കെ.എം സലിം,എന്‍.കെ അനില്‍കുമാര്‍,എ.സി ചന്ദ്രന്‍,എം.എം മത്തായി,ടി.എ കൃഷ്ണന്‍കുട്ടി,കെ.എസ് രഘു,രതീഷ്‌ ചങ്ങാലിമറ്റം,ലുഷാദ് ഇബ്രാഹിം,സിജോ ജോണ്‍,ഡായി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഗര്‍ഭിണിയെ വീട്ടില്‍ കയറി മര്‍ദിച്ചത് ഭരണകക്ഷിയിലെ യുവജന നേതാവെന്ന് ആക്ഷേപം

paingottoor map

പൈങ്ങോട്ടൂര്‍: ചാത്തമറ്റത്ത് ഗര്‍ഭിണിയായ ദളിത്‌ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഭാരതീയ ദളിത്‌ കോണ്‍ഗ്രസും കോണ്ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയും സംയുക്തമായി പ്രതിഷേധിച്ചു.പുരുഷന്മാര്‍ ആരും വീട്ടിലില്ലാതിരുന്ന സമയത്ത് ബൈക്കിലെത്തിയ നാലുയുവാക്കള്‍ ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ കമ്പിവടിയുമായി എത്തി തള്ളി വീഴിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.പരുക്കേറ്റ യുവതി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.പോലീസ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഭരണകക്ഷിയുടെ യുവജനവിഭാഗം പ്രവര്‍ത്തകരായതിനാലാണ് പോലീസ് അറസ്റ്റ് ചെയാത്തതെന്നു ദളിത്‌ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ആരോപിച്ചു.ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികളെ സംരക്ഷിക്കുന്ന ഇടതുപക്ഷ നിലപാടാണ് ദളിത്‌ പീഡനങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി മോക്ക് പാര്‍ലമെന്റ് സംഘടിപ്പിച്ചു

mock

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച മോക്ക് പാര്‍ലമെന്റ് ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിലേതെന്നും സംവാദങ്ങളില്‍ കൂടിയും ചര്‍ച്ചക്കളിലൂടെയുമാണ് അവ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തിനും സ്‌കൂളില്‍ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സ്റ്റുഡന്റ് പോലീസ് പദ്ധതി കേഡറ്റ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, മാധ്യമപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.